വൈറസ് ബാധയേല്‍ക്കാത്ത കമ്പ്യൂട്ടറുകളുമായി മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: വൈറസ് ബാധയില്‍ നിന്ന് പരിപൂര്‍ണ്ണമുക്തി വാഗ്ദാനം ചെയ്യുന്ന ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്ന മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും ഇതര ഹാര്‍ഡ് വെയറുകളും ഇവയുടെ സമ്പൂര്‍ണ്ണ സേവനങ്ങളും ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനവീയം ടെക്നോളജീസ് ലഭ്യമാക്കുന്നത്. ഉബുണ്ടു സാക്ഷ്യപ്പെടുത്തിയ ഡെല്‍ കമ്പനിയുടെ ലാപ്‌ ടോപ്‌ മോഡലുകള്‍ ആണ് മാനവീയം തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്‌. മികച്ച വില്‍പ്പനാനന്തര സേവനവും സപ്പോര്‍ട്ടും ട്രെയിനിങ്ങും മാനവീയം ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നു. വ്യക്തിഗത ഉപയോക്താക്കള്‍ക്കൊപ്പം സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മികച്ച ഹാര്‍ഡ് വെയര്‍ / സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളും കണ്‍സള്‍ട്ടന്‍സിയും നല്‍കാന്‍ മാനവീയം സജ്ജമാണ്.
സാധാരണ കമ്പ്യൂട്ടറുകളില്‍ ആന്റി വൈറസ് സോഫ്റ്റ്‌ വെയറുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന കനത്ത വിലയും അവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്ന അധിക ലോഡും ഒക്കെ കണക്കാക്കുമ്പോള്‍ ഉപയോക്താവിന് വരുന്ന നഷ്ടം വളരെ വലുതാണ്‌. വൈറസ് ബാധയെ ഒരു കാലത്തും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു വിധ ആന്റി വൈറസ് പ്രോഗ്രാമുകളും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകള്‍ എന്നെന്നും വൈറസ് വിമുക്തവുമായിരിക്കും. ഇതുമൂലം ഇടയ്ക്കിടെയുള്ള ഫോര്‍മാറ്റിങ്ങും ഡാറ്റാ നഷ്ടവും ഒക്കെ പൂര്‍ണമായും ഒഴിവാക്കാം. മാത്രമല്ല സാധാരണ കമ്പ്യൂട്ടറുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ സൌജന്യമായി ലഭിയ്കൂ, ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ആന്റി വൈറസ് പ്രോഗാമുകളുമൊക്കെ നിയമാനുസൃതം ഉപയോഗിക്കണമെങ്കില്‍ ലൈസന്‍സ് ഫീസ്‌ ഇനത്തില്‍ പ്രതിവര്‍ഷം വന്‍തുക ചെലവഴിക്കേണ്ടതായും വരും. അതേസമയം മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകളില്‍ ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ഉള്‍പ്പെടെ ഏതാണ്ട് മുപ്പതിനായിരത്തിലധികം വരുന്ന സൌജന്യ / സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ആവശ്യാനുസരണം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഉപയോക്താവിന് ലഭിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.manaveeyam.in /ഫോണ്‍ : +91-9995717112 ( സമീര്‍ ) / +91-9847446918  (മനോജ്‌ ) / +91-8086733733 (മാത്യൂ) / +91-9895181906 (ശ്രീകാന്ത് ) / +91-7736780769 (തോമസ്‌ )
ഉബുണ്ടു
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനോനിക്കല്‍ കമ്പനിയാണ് ഉബുണ്ടുവിന്റെ സ്രഷ്ടാക്കള്‍ ലോകമാകമാനം പന്ത്രണ്ട് ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഉബുണ്ടു ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉബുണ്ടു ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളും പല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉബുണ്ടു അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ പല സ്വകാര്യ / മാനേജ്മെന്റ് എഞ്ചിനിയറിംഗ് കോളെജുകളും ഉബുണ്ടുവിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നു.
ഡെല്‍
കമ്പ്യൂട്ടര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമുള്ള ഡെല്‍ കമ്പനിയ്ക്ക് ലോകമൊട്ടാകെ ഒരു ലക്ഷത്തില്‍ പരം ജീവനക്കാരുണ്ട്. 1984 -ല്‍ അമേരിക്കയില്‍ ആണ് ഡെല്‍ കമ്പനി ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ ശക്തമായ ഒരു ഉപഭോക്തൃശൃംഖല കെട്ടിപ്പടുക്കുവാന്‍ ഡെല്ലിന് കഴിഞ്ഞിട്ടുണ്ട്. ബിസിനസ്‌ മോഡല്‍ ആയ വോസ്ട്രോ, സാധാരണ വീട്ടുപയോഗങ്ങള്‍ക്കുള്ള മോഡലുകളായ ഇന്സ്പിറോണ്‍, സെര്‍വര്‍ മോഡലുകളായ പവര്‍ എഡ്ജ്, പവര്‍ വോള്‍ട്ട് തുടങ്ങി വളരെ വിപുലമായ ഒരു ഉല്‍പ്പന്ന ശ്രേണി തന്നെ ഡെല്ലിനുണ്ട്.


റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ കൊച്ചിന്‍ ഐലഗ്ഗില്‍

Dr. Richard Matthew Stallman comes to ILUG Cochin

Dr. Richard Matthew Stallman comes to ILUG Cochin

Dr. Richard Matthew Stallman at ILUG Cochin

Dr. Richard Matthew Stallman at ILUG Cochin

Dr. Richard Mathew Stallman at ILUG Cochin

Dr. Richard Mathew Stallman at ILUG Cochin poses for photo with me.

Dr. Richard Mathew Stallman at ILUG Cochin

Dr. Richard Mathew Stallman at ILUG Cochin poses for photo with Sreekanth

Dr. Richard Mathew Stallman at ILUG Cochin

Dr. Richard Mathew Stallman at ILUG Cochin poses for photo with Jos Collin

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ ഒരു മതാചാര്യനാണ്. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം എന്ന മതമാണ്‌ അയാള്‍ സ്ഥാപിച്ചത്. അയാളുടെ ദര്‍ശനങ്ങള്‍ ലോകം ആദ്യം കൌതുകത്തോടെ നിരീക്ഷിച്ചു. പിന്നെ അത്ഭുതത്തോടെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നോക്കിക്കണ്ടു. ‘ഗ്നു’വിനു പതിയെ ജീവന്‍ വച്ച് തുടങ്ങിയപ്പോള്‍ സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യവാദികളുടെ ആരാധനാമൂര്‍ത്തിയായി അയാള്‍ മാറി. ഒരു അവധൂതനെ പോലെ കൊച്ചിന്‍ ഐലഗ്ഗില്‍ അയാള്‍ എത്തിയത് രണ്ടു ദിവസം മുമ്പ് ഒരു സായാഹ്നത്തിലാണ്. ഐലഗ്ഗിലെ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ കൂട്ടായ്മ റിച്ചാര്‍ഡ്‌ സ്ററാൾമാനെ ഊഷ്മളമായി വരവേറ്റു. “എനിക്ക് വേണ്ടി ആരും എഴുന്നെല്‍ക്കരുതേ, സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം എഴുന്നെല്‍ക്കുവിന്‍” എന്ന പതിവ് വരികളോടെ അദ്ദേഹം ഫ്രീ സോഫ്റ്റ്‌ വെയറിന്റെ ദര്‍ശനം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു തീര്‍ത്തു. പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് യൂനിക്സില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിന്റെ പശ്ചാത്തലം മുതല്‍ സോപ്പ / പിപ്പ നിയമങ്ങളുടെ അന്തരാഴങ്ങള്‍ വരെ തികച്ചും ലളിതവും സ്ഫുടവുമായ ഭാഷയില്‍ അദ്ദേഹം വിശദീകരിച്ചപ്പോള്‍ സദസ്സ് തികഞ്ഞ ബഹുമാനത്തോടെ അവ ശ്രവിച്ചു.
“ഒരു കാരണത്ത് അടിക്കുന്നവനെ മറു കാരണം കൂടി കാണിച്ചു കൊടുക്കുവിന്‍” എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ അനുയായികളെല്ലാം അത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ? നോണ്‍-ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് പാപമാണെന്നു സ്ററാൾമാന്‍ പറയുമ്പോഴും ഞാനടക്കം എത്രയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകര്‍ അറിഞ്ഞും അറിയാതെയും തലയില്‍ മുണ്ടിട്ടും ഒക്കെ ഈ ‘അടിമവെയറുകള്‍’ ഇന്നും ഉപയോഗിക്കുന്നു. ഫേസ് ബുക്ക്‌ സുഹൃതല്ല; അതൊരു സര്‍വെയ്ലന്‍സ് സംവിധാനമാണെന്നും, നിങ്ങളെ നിങ്ങള്‍ പോലും അറിയാതെ അത് ചതിക്കുമെന്നും ഒക്കെ അദ്ദേഹം മുന്നറിയിപ്പ് തരുമ്പോഴും “സായിപ്പേ, അത് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു” എന്ന് ഉള്ളാലെ എത്ര പേര്‍ പറഞ്ഞു കാണും.
റിച്ചാര്‍ഡ്‌ സ്ററാൾമാന് അങ്ങനെയൊക്കെ പറയാം. അങ്ങനെയേ പറയാനാകൂ. കാരണം അദ്ദേഹം മതാചാര്യനാണ് ; മതസ്ഥാപകനാണ് – സെന്റ്‌ ഇഗ്നൂഷിയസ് ഓഫ് ഇമാക്സ്‌. ഫ്രീ ഡിസ്ട്രിബ്യൂഷന്‍സ് അല്ലാതെ ഉള്ള ഒരു ഗ്നു/ലിനക്സ്‌ വിതരണങ്ങളെയും അദ്ദേഹം പിന്തുണക്കുന്നില്ല. എന്റെ പൊന്നു സായിപ്പേ, കുനുകുനാ എന്ന് എഴുതി വച്ചിരിക്കുന്ന ഈ ലൈസന്‍സ് ഒക്കെ വായിച്ചു നോക്കിയിട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എങ്ങനെയാ പറ്റുക, ഏതാ ഫ്രീ, ഏതാ നോണ്‍-ഫ്രീ? പക്ഷെ എന്തൊക്കെ ആണെങ്കിലും റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകരുടെ ഒരു കള്‍ട്ട് ഫിഗര്‍ ആണ്. കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ ലെനിനേയും ചെ ഗുവേരയെയും കൊണ്ട് നടന്നത് പോലെ, എഴുപതുകളിലെ മലയാള യുവത്വം ജോണ്‍ അബ്രഹാമിനെ കൊണ്ട് നടന്നത് പോലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രതാ വാദികളുടെ ദൈവമായി റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ വിരാജിക്കുന്നു. സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യം എന്നത് തീരെ അറിയാത്തവര്‍ക്ക് റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ എന്ന വ്യക്തി ഒരു കിറുക്കന്‍ സായിപ്പ് മാത്രമാണ്. പക്ഷെ ഈ സായിപ്പിന്റെ സുന്ദരമായ ഈ കിറുക്കാണ് അറുബോറിംഗ് ആകാമായിരുന്ന കമ്പ്യൂട്ടര്‍ രംഗത്തെ ഇത്രമേല്‍ കാവ്യാത്മകമാക്കാന്‍ സഹായിച്ചതെന്നാണ് എന്റെ വിശ്വാസം.

 


അണ്ണനും ചെല്ലപയലും: സ്വതന്ത്രസോഫ്റ്റ്‌ വെയറിനെ പറ്റി ഒരു നര്‍മ്മസംവാദം

കൊര്‍ച്ച് നേരായ് യെവന്‍ കലിപ്പുകള് ത്വടങ്ങീട്ട്, ഡേയ് യെന്തരെടെയ് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള് ?

ഒന്നടങ്ങിയിരി അണ്ണേയ്.. പറഞ്ഞുതരാം അണ്ണേയ്. സ്വതന്ത്ര സോഫ്റ്റ്‌ വെയറുകളും ചങ്ങലക്കിട്ട സോഫ്റ്റ്‌ വെയറുകളും തമ്മില്‍ വ്യത്യാസം ക്വറേണ്ട്. അയ്ന് മുമ്പ് അണ്ണനോട് ചെല ചീള് ചോദ്യങ്ങള് ചോയ്ക്കട്ടെ?

വേഗം ചോയരടെയ്.


അണ്ണന്റെ വീട്ടീ കമ്പ്യൂട്ടറെണ്ടാ?

ഒണ്ടെങ്ങി?

ലാപ്‌ ടോപ്പാ ടെസ്ക്ടോപ്പാ

യെന്തര്?

മേശെ വക്കണതാ മടീ വക്കണതാ?

മേശെ വക്കണത്.

യതില് ഓയെസ് യെന്തര്?

യേത്? ഓയെസാ? അതെന്തര്?

അണ്ണേ, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ എമണ്ടന്‍ അക്ഷരത്തില് എന്താ ആദ്യം കാണണെ?

ഡേയ് അപ്പീ, വിന്‍ഡോസ് എന്നാ എന്തോ എപ്പളും കാണാറൂണ്ടെഡേയ്. നല്ല ഇരുട്ട് ബേക്ക്ഗ്രൌണ്ടില് വെള്ള നെറത്തില്  ചെമല മഞ്ഞ കൊടികളൊക്കെ വച്ച് ഒരു മോട പേര്.

അണ്ണേയ് അണ്ണന്റെ വിന്ഡോസിന് ലൈസന്‍സ് ഒണ്ടോ അണ്ണേയ്

ലൈസന്‍സാ… എനിക്കാ… പോടെയ് പന്ന പയലേ. #@*&^ എനിക്കെന്ത് ല്വൈസന്‍സ്

അതൊക്കെ പോട്ടെ അണ്ണേയ് , ശാസ്തംഗലം കവലക്കെ രണ്ടു മാങ്ങാക്കച്ചോടക്കാര്‍ മാങ്ങ വിക്കണ്. ഒരുത്തന്റ കയ്യില്‍ പുഴു പൊളക്കണ ചീഞ്ഞ മാങ്ങ. ലവന്‍ വിക്കണത്‌ കിലോ നൂറു രൂപയ്ക്കു.  മറ്റവന്റെ കയ്യീ നല്ല പൊളപ്പന്‍ ഫ്രഷ്‌ നാടന്‍ മാങ്ങ. ലവന്‍ വിക്കണത്‌ ഫ്രീ ആയി. ഇഷ്ടവോണ്ടെങ്കി ഇഷ്ടവോള്ള കാശ് കൊടുത്തേച്ച് പോ. അണ്ണന്‍ യാരുടെന്നു വേടിക്കും?

ഡേയ്, ഫ്രഷ്‌ മാങ്ങ വിക്കണവന്  പ്രാന്താ? ഞാന്‍ ലവന്റ കായ്യീന്നെ വാങ്ങൂ.

അണ്ണാ, ഞാനും ലവന്റ കയ്യീന്നെ വാങ്ങൂ. തലയില്‍ മൂള ഒള്ള പയലുകളൊക്കെ ലവന്റെന്നെ വാങ്ങൂ. കാര്യം ശരിയാ, ലവന് പ്രാന്ത് തന്നെ. മഞ്ഞ പ്രാന്ത്. പഷ്ഷേ  നല്ല സാധനം നാട്ടാര്‍ക്ക് ന്യായ വെലയ്ക്ക് കൊടുക്കണം എന്നോള്ള നല്ല വിചാരം കൊണ്ടോള്ള പ്രാന്താ. പിന്ന ആ മറ്റേ മോടക്കും പ്രാന്ത് തന്നെ അല്ല്? ചീഞ്ഞു പുഴുത്ത സാധനം നാട്ടാരെ പറ്റിച്ചു ഒയിരെ വെലയില്‍ വിക്കണതും പ്രാന്ത് തന്നെ അല്ല്? ഇനി കണ്ണും പൂട്ടി ആ പാഴിന്റ കയ്യീന്ന് ഏതെങ്കിലും മാക്രികള് സാധനം വാങ്ങി വീട്ടീ കൊണ്ട് പോയാ, യവര് അത് തിന്ന്വോ അണ്ണേയ് ?

ഡേയ്, അപ്പീ, നീ കളിയാക്കുവാണെഡേയ്? സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ കാര്യം പറഞ്ഞു തരാം എന്ന് പറഞ്ഞിട്ട് മാങ്ങാക്കച്ചോഡാണോഡേയ് പറെണേ?

കുറുക്കി പറയാം അണ്ണേയ്. അണ്ണന്‍ ക്ഷമീ. ഈ ചീഞ്ഞ മാങ്ങ ആണ് അണ്ണന്റെ കമ്പ്യൂട്ടറില്‍ ഒള്ള വിന്‍ഡോസ്. മൊത്തം വൈറസ്‌. മുടിഞ്ഞ വെല. ഒരു പയലിനെയും കാണിക്കാത്ത സോഴ്സ് കോഡ്. പിന്ന ആ ഫ്രഷ്‌ മാങ്ങയാണ് ഗ്നു/ലിനക്സ്‌ അധിഷ്ടിതമായ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍. ഒരു വൈറസും ഇല്ല. ബാക്ടീരിയയും ഇല്ല. പുഴും ഇല്ലൈ. ഇഷ്ടവോണ്ടെങ്കി സംഭാവന കൊടുക്കാം. അത്ര തന്നെ.


തികച്ചും സൗജന്യമായി എങ്ങനെ ഒരു വെബ്‌ സെറ്റ്‌ സ്വയം നിര്‍മ്മിച്ച്‌ സ്വയം ഹോസ്റ്റ്‌ ചെയ്യാം?

ലഘുവിവരണം
ചില സൌജന്യ വെബ്‌ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി നിങ്ങള്‍ക്കും സ്വന്തമായി ഒരു വെബ്‌ സൈറ്റ് ആരംഭിക്കാം. അതിനുള്ള വിശദമായ ഘട്ടങ്ങള്‍ ആണ് താഴെ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്‌. co.cc എന്ന സൈറ്റില്‍ ചെന്ന് സൌജന്യമായി ഡൊമൈന്‍ നെയിം എടുത്ത ശേഷം freehostia.com എന്ന ഫ്രീ ഹോസ്റ്റിംഗ് സൈറ്റില്‍ ചെന്ന് അത് ഹോസ്റ്റ് ചെയ്യാം. വെബ്‌ സേവനങ്ങളെ പറ്റി നന്നായി അറിയുന്നവര്‍ക്ക് ഇത്രയും വിവരങ്ങള്‍ മാത്രം മതിയാവും. കൂടുതല്‍ അറിയേണ്ടവര്‍ മുഴുവന്‍ വായിക്കുക.

ഇന്ന്‌ കമ്പ്യൂട്ടറുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇന്റര്‍നെറ്റ്‌. അറിവിന്റെ ഒരു അക്ഷയഖനി തന്നെ നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നതില്‍ ഇന്റര്‍നെറ്റ്‌ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതൊന്നുമല്ല. ചെറുതും വലുതുമായ ഗവേഷണങ്ങള്‍ക്ക്‌ വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഞൊടിയിടയ്‌ക്കുള്ളില്‍നമുക്ക്‌ ഇന്റര്‍നെറ്റില്‍ നിന്ന്‌ സ്വീകരിക്കാനാവും. എങ്ങനെയാണ്‌ ലോകത്തെങ്ങും പരന്നു കിടക്കുന്ന കോടിക്കണക്കിന്‌ വെബ്ബ്‌ പേജുകളില്‍ നിന്ന്‌ നമുക്കു വേണ്ട വിലാസം ടെപ്പു ചെയ്യുമ്പോള്‍ കൃത്യമായി അതേ പേജ്‌ ലഭിക്കുന്നത്‌? കാരണം ഇന്റര്‍നെറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ കിറുകൃത്യമായ കുറേ നിയമങ്ങളുടെ (പ്രാട്ടോക്കോളുകളുടെ) അടിസ്ഥാനത്തിലാണ്‌. ടി.സി.പി./ഐ.പി., യു.ഡി.പി. തുടങ്ങിയവ ഇൗ പ്രാട്ടോക്കാളുകളില്‍ ചിലതാണ്‌. ഈ നിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന്‌ പിഴവു പറ്റിയാല്‍ നിങ്ങള്‍ ടെപ്പു ചെയ്‌ത വിലാസം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ തെളിയില്ല. ഇന്റര്‍നെറ്റിലെ ഒരു പേജ്‌ നമുക്കു ലഭിക്കണമെങ്കില്‍ ഒരു പക്ഷേ അനവധി ഗേയ്‌റ്റ്‌വേകളും ഒന്നിലധികം സര്‍വ്വറുകളും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.

Read more


കെമൈമണി: സ്വതന്ത്ര അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍

പ്രതിവര്‍ഷം അഞ്ചാറു ലക്ഷം രൂപ ശമ്പളം. വീട്ടില്‍ ആകെയുള്ളത്‌ ഒരേയൊരു ഭാര്യയും രണ്ടു കുട്ടികളും. പക്ഷേ കിട്ടുന്ന പണവും വരുമാനവും എങ്ങോട്ട്‌ പോകുന്നു എന്നൊരു പിടിയും കിട്ടുന്നല്ലെന്ന പരാതിയാണ്‌ ഗൃഹനാഥനും ഗൃഹനാഥയ്‌ക്കുമുള്ളത്‌. മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഉള്‍പ്പെടെ ദുഃശീലങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. അത്യാവശ്യം സമ്പാദ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക സമ്പാദ്യങ്ങളൊന്നുമില്ലെന്ന്‌ ശ്രീമതി പറയുന്നു. പിന്നെങ്ങനെ പണം പോകുന്നു? കീശ ചോരുന്ന വഴികള്‍ എങ്ങനെ അറിയാനാണ്‌.! പണം ലഭിക്കുന്നതും ചെലവഴിക്കുന്നതും രേഖപ്പെടുത്തി വയ്‌ക്കുന്ന പതിവില്ലെങ്കില്‍ എങ്ങനെ വരുന്നു പോകുന്നു എന്ന്‌ പിന്നീട്‌ ഓര്‍ക്കുവാന്‍ വിഷമമാകും. സാധാരണ ഓര്‍മ്മശക്തി മാത്രമുള്ള ഒരു വ്യക്തി താരതമ്യേന ഒരു വലിയ തുകയുടെ ഒരു ഇടപാട്‌ ബാങ്കു വഴി നടത്തിക്കഴിഞ്ഞ്‌ നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം സ്‌റ്റേറ്റ്‌മെന്റ്‌ ലഭിക്കുമ്പോള്‍ എന്തിനു വേണ്ടിയാണ്‌ ഈ ഇടപാട്‌ നടത്തിയതെന്ന്‌ ആലോചിച്ചു കണ്ടുപിടിക്കാന്‍ ശരിക്കും പ്രയാസപ്പെടും; കൃത്യമായി ഈ ഇടപാടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ പല ഗൃഹനാഥന്മാരും ചെലവുകള്‍ എഴുതി സൂക്ഷിക്കാന്‍ ആരംഭിക്കുമെങ്കിലും ഇടയ്‌ക്കുവച്ച്‌ അതുപേക്ഷിക്കുകയാണ്‌ പതിവ്‌.

Read more


  • എഴുത്തുപെട്ടി
  • സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി
  • Uncategorized
  • ഇന്റര്‍നെറ്റ്‌ ടിപ്പുകള്‍
  • ഗ്നു/ലിനക്സ്‌
  • ജീപിഎല്‍
  • നര്‍മ്മം
  • സിസ്റ്റം സെക്യൂരിറ്റി
  • സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദര്‍ശനം
  • 2012
  • 2011
  • 2010